ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ജ്യോതിഷം, പാരമ്പര്യവൈദ്യം എന്നിവയില്‍ ഈ ഗ്രാമത്തിന് എടുത്തുപറയത്തക്ക പാരമ്പര്യമാണുണ്ടായിരുന്നത്. കളരിപ്പയറ്റ്, പരിചമുട്ടുകളി, ഏഴാമുത്തി, പൊറാട്ടുകളി, കൈകൊട്ടിക്കളി തുടങ്ങിയ നാടന്‍കലകളെ പ്രോത്സാഹിപ്പിച്ചു വളര്‍ത്തിയ പാരമ്പര്യവും ഈ ഗ്രാമത്തിനുണ്ട്. ചരിത്രപ്രസിദ്ധമായ ടിപ്പുവിന്റെ പടയോട്ടം ഈ പഞ്ചായത്തിലൂടെയാണ് കടന്നുപോയത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മഞ്ചല്, കുതിരവണ്ടി, കാളവണ്ടി എന്നിവയായിരുന്നു യാത്രാവാഹനങ്ങള്‍. ദീര്‍ഘദൂരം സാധാരണ ജനങ്ങള്‍ കാല്‍നടയായി യാത്രചെയ്തിരുന്നത് ഒരു നിത്യസംഭവമായിരുന്നു. ഈ പഞ്ചായത്തിലെ ഏറ്റവും പഴയ ഗതാഗതപാതയാണ് ഇന്നത്തെ ചെര്‍പ്പുളശ്ശേരി-പാലക്കാട് മെയിന്‍റോഡായി പില്‍ക്കാലത്ത് പരിണമിച്ചത്. 1956-ലാണ് ഈ ഗ്രാമത്തില്‍ വൈദ്യുതി എത്തിച്ചേര്‍ന്നത്. കുടിവെള്ളത്തിന് സ്വകാര്യകിണറുകളെ മാത്രം ആശ്രയിച്ചിരുന്ന രീതിയാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളുടെ വേദികളായി ഇവിടെയുള്ളത് ഗ്രന്ഥശാലകള്‍, കലാകായിക സംഘടനകള്‍, കലാസമിതികള്‍, പ്രൊഫഷണലും-അമേച്വറുമായ നൃത്തനാടക സംഘങ്ങള്‍ മുതലായവയാണ്.